അദ്ധ്യായം പത്ത്
ചരിത്ര ഗവേഷണം ഉണര്‍വാകുന്നു
പെരുമ്പാവൂരിന് കിഴക്കുള്ള അശമന്നൂര്‍ ഗ്രാമത്തിലെ ഒരു വയലില്‍ നിന്ന് ചരിത്രപ്രാധാന്യമുള്ള ഒരു ശിലാസ്തംഭം കണ്ടെത്തിയതാണ് എന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വും ഉയിരും പകര്‍ന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സ്തംഭത്തിന് മുകളില്‍ ഒരാളെ ശൂലത്തില്‍ തറച്ചു കൊന്ന പ്രതീതി ജനിപ്പിക്കുന്ന ഒരു ശില്പവും കൊത്തിയിരിക്കുന്നു . കേരള ഹിസ്റ്ററി അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഞാന്‍ പഠന പര്യടനം നടത്തിയത്.
ഒമ്പതും പത്തും ശതകങ്ങളിലാണ്
കേരളത്തില്‍ ബുദ്ധ - ജൈന മതങ്ങള്‍ തിരോഭവിച്ചതെന്നു കാണുന്നു. ഇത് സ്ഥാപിച്ചത് പത്താം നൂറ്റാണ്ടിലായിരിക്കണം. മധുര യില്‍ ജൈനമതക്കാരെ ശൂലത്തില്‍ തറച്ചു കൊന്നതായി ചരിത്ര ഗ്രന്ഥങ്ങളിലുണ്ട് .
ബുദ്ധ - ജൈനമത ധ്വംസനകാലത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ സ്മാരകമെന്നു എനിക്ക് ഉത്തമ ബോദ്ധ്യമുണ്ട്.
ജൈനമതക്കാരെ ഓടിക്കാന്‍ ഉപായമാരാഞ്ഞു കൊണ്ട് ബ്രാഹ്മണര്‍ തപസ്സിരുന്നു എന്ന് കേരളോല്‍പ്പത്തി യില്‍ പറയുന്ന തുക്കാരിയൂര്‍ ക്ഷേത്രം ഇവിടെ നിന്ന് ആറു കിലോമീറ്റര്‍ കിഴക്ക് ഇപ്പോഴും സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ "കല്ലില്‍" ജൈന ക്ഷേത്രവും ഇവിടെ നിന്ന് മൂന്നു കിലോമീറ്റര്‍ തെക്കാണ്.
അദ്ധ്യായം പതിനൊന്ന്
വാലം കരയിലേക്കുള്ള നാട്ടുവഴി.
വാലം എന്നത് ഒരു കുഗ്രാമമാണ്. എറണാകുളം ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് , പെരിയാറിന്റെ കരയില്‍. അക്കരെ വരാപ്പുഴ. ഭൂരിപക്ഷം ഈഴവരാണെങ്കിലും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ധാരാളമുണ്ട്'.
അച്ഛന്‍ വേലു പൂജാരി. അമ്മ പാറു. രണ്ടു പേരും സാമാന്യം നല്ലതോതില്‍ ദാരിദ്ര്യം കൊണ്ടുനടന്നിരുന്നു, ഒരു അനുഷ്ഠാനം പോലെ.
പൂജകള്‍ കഴിഞ്ഞ് അച്ഛന്‍ മടങ്ങി വരുമ്പോള്‍ തലയില്‍ ഒരു ഭാണ്ഡവും ഉണ്ടാകും. കാക്കാമാപ്പിളയുടെ പാലം ഇറങ്ങി പാടവരമ്പത്തൂടെ അച്ഛന്‍ വരുന്നത് അകലെ നിന്നേ കാണാം. വരമ്പ് പോകുന്ന വഴിയ്ക്കൊക്കെ വളഞ്ഞും തിരിഞ്ഞും പിന്നെയൊരു ദുര്‍ഘട പാലവും കൂടി കടന്നു വീടെത്തുമ്പോള്‍ ഒരുപാട് വൈകും.
വീട്ടിലെത്തി, കോലായില്‍ ഭാണ്ഡം ഇറക്കി, അച്ഛന്‍ കുളിക്കാന്‍ പോകും. അപ്പോള്‍ അമ്മയും ഞങ്ങളും കൂടി ഭാണ്ഡം തുറന്നു പരിശോധിക്കും. എത്ര വിസ്മയത്തോടെ യാണ് ഞങ്ങള്‍ ആ നിധി പരിശോധിച്ചിരുന്നത് എന്ന് എനിക്ക് നല്ല ഓര്‍മ്മയുണ്ട്.
നെല്ല്, പലജാതി അരികള്‍ കൂടിക്കുഴഞ്ഞത്, മലര്, അവില്‍, ചന്ദനത്തിരി, പഴം,ഓറഞ്ച് അങ്ങിനെ......അമ്മ ക്ഷമയോടെ വീണ്ടും വീണ്ടും പരതും . ഒടുവില്‍ വെള്ളിനാണയങ്ങള്‍ ഒന്നൊഴിയാതെ അമ്മ കണ്ടെടുക്കും. അത് എണ്ണി,മടിശ്ശീലയില്‍ കെട്ടി, കുളി കഴിഞ്ഞ് വരുന്ന അച്ഛനെ ഏല്‍പ്പിക്കും. അച്ഛന്‍ അത് അമ്മയെ തന്നെ തിരിച്ച് ഏല്പിക്കും. എന്നിട്ട് വിഷാദത്തോടെ പറയും... ഒന്നിനും തെകീല്യാ.
ആ തികയായ്ക അച്ഛന്റെ ആയുസ്സു മുഴുവന്‍ കൂടെയുണ്ടായിരുന്നു. പല ദിവസങ്ങളിലും രാവിലെ കഞ്ഞി കുടി കഴിഞ്ഞ് സ്കൂളിലേയ്ക്ക് ഇറങ്ങുമ്പോള്‍ അമ്മ പറയുമായിരുന്നു :
കൃഷ്ണാ, മകനേ ഉച്ചയ്ക്കു വരണ്ടാട്ടോ.
അടുക്കളയില്‍ ഒന്നുമുണ്ടാകില്ല.
ഞാനും ജേഷ്ഠന്‍ മാധവനും ഉച്ചപ്പട്ടിണി. എന്തൊരു കൊടിയ അന്യായമാണത് ! വാലംകരയിലും സമീപദേശങ്ങളിലും അറിയപ്പെടുന്ന അക്ഷരഗുരുവും പുരോഹിതനുമായ വേലുപ്പൂജാരിയുടെ മക്കള്‍ ഉച്ചപ്പട്ടിണിയാവുക എന്നത് വളരെ വലിയ വൈരുദ്ധ്യമായി എനിക്ക് അന്നേ അനുഭവപ്പെട്ടിരുന്നു. ദൈവങ്ങളിലുള്ള രക്ഷാബോധം ചെറുപ്പത്തിലേ എനിക്ക് നഷ്ടമായിക്കൊണ്ടിരുന്നു. തൊട്ടുമുമ്പിലെ ഒഴിഞ്ഞ ഓട്ടു കിണ്ണവും അടുക്കളയിലെ കത്താത്ത അടുപ്പും എന്നില്‍ വിദ്വേഷം പാകി. അത് മുള പൊട്ടി. വളര്‍ന്നു.
ഭൂമിയില്‍ ഞാന്‍ മാത്രമല്ല, വിശന്നിരിക്കുന്നത് എന്ന തിരിച്ചറിവ് ഒരു ഞെട്ടലോടെയാണ് ഞാന്‍ അംഗീകരിച്ചത്. ലോകജനതയില്‍ വലിയൊരു പങ്ക് ദാരിദ്ര്യത്തിലും രോഗത്തിലും ഒടുങ്ങുമ്പോള്‍ ന്യൂനപക്ഷം പ്രഭുക്കളായി സുഖിക്കുന്നു. പ്രഭുക്കളും രാജാക്കന്മാരുമായി ചിലര്‍ പിറവിയെടുക്കുന്നു. അതിന്റെ വ്യാകരണം എനിക്ക് തീരെ മനസ്സിലായില്ല.
ഈ കാണുന്നത് പോലുള്ള ഒരു ഓലക്കുടിലിലാണ്.... ഇതുപോലുള്ള ഒരു പട്ടിണിക്കോലായിലാണ് ഞാന്‍ ജീവിതത്തെ കണ്ടത്. അറിഞ്ഞത്..... ഈ മര ഉരലും , അരകല്ലില്‍ ഉറങ്ങുന്ന അമ്മിയും ഒരു കാലത്ത് എന്റെ ആഡംബരങ്ങളും.! ഞാന്‍ ഇതിന്‍റെയെല്ലാം ഉടമയായ വേലു പൂജാരിയുടെ മകനാണല്ലോ!
അദ്ധ്യായം പന്ത്രണ്ട്
ശബരിമല ശ്രീധര്‍മ്മ ശാസ്താവ്
ചേരാനെല്ലൂര്‍ അല്‍ ഫാരൂഖ്യാ ഹൈസ്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച കാലത്താണ് ഞാന്‍ ആദ്യമായി ശബരിമല സന്ദര്‍ശിക്കുന്നത്. കൂടെ എന്റെ ചെറുപ്പം തൊട്ടേയുള്ള സുഹൃത്തുക്കളായ വേലിക്കകത്ത് പ്രഭാകരച്ചേട്ടനും വലിയപറമ്പില്‍ പ്രഭാകരനും. രണ്ടു പ്രഭാകരന്മാര്‍. കറ തീര്‍ന്ന അയ്യപ്പ ഭക്തന്മാര്‍.
എന്നെ കൂടെ കൊണ്ടുപോകാന്‍ അവര്‍ തയ്യാറായിരുന്നില്ല. എങ്ങനെ കൊണ്ടുപോകും? ഞാന്‍ അതിനകം നിരീശ്വരനും യുക്തിവാദിയുമായി കുപ്രസിദ്ധി കൈവരിച്ചിരുന്നു. പൂജാരിയുടെ മകന്‍ നിരീശ്വരവാദിയായത് ഒരു വലിയ അപരാധമായി പൊതുവെ കരുതപ്പെട്ടു.
മലകയറാന്‍ ഞാന്‍ ഒരുങ്ങിയതിന്റെ ഉദ്ദേശ്യ ശുദ്ധി സംശയിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു. നിരീശ്വരവാദിയുടെ കൂടെയുള്ള മലകയറ്റം ദുരന്തത്തില്‍ കലാശിക്കുമെന്ന് പ്രഭാകരന്മാര്‍ ഭയപ്പെട്ടു. അവരുടെ കുടുംബാംഗങ്ങള്‍ എന്നെ ഒഴിവാക്കണമെന്ന് ശഠിച്ചു. ഞാനാകട്ടെ, ഒഴിയാന്‍ തയ്യാറുമായിരുന്നില്ല. എനിക്കു വാശി ഏറി വന്നു. കൂടെ കൊണ്ടുപോയില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് പോകുമെന്ന് പ്രഖ്യാപിച്ചു.. അത് പോലെ ഞാന്‍ ചെയ്തുകളയുമെന്നു അവര്‍ക്കറിയാം.
ഒടുവില്‍ എന്നെ കൊണ്ടുപോകാമെന്ന് അവര്‍ സമ്മതിച്ചു.
പക്ഷെ, ഉപാധിയുണ്ട്. വ്രതമെടുക്കണം. കറുപ്പുടുക്കണം. ഇത് രണ്ടും എനിക്കു സ്വീകാര്യമായിരുന്നില്ല. ഇരുമുടിക്കെട്ട് എടുക്കുകയുമില്ല.
അവര്‍ പിന്നെയും വിഷമത്തിലായി. ഞാന്‍ അവരെ നിര്‍ബന്ധിച്ചില്ല. മലയ്ക്കു പോകുന്ന ദിവസം എത്തിയപ്പോള്‍ ഞാന്‍ ഒരു ലതര്‍ ബാഗുമായി പ്രഭാകരച്ചേട്ടന്റെ വീട്ടില്‍ ഹാജരായി. ആ വീട്ടില്‍ വച്ചായിരുന്നു കെട്ടുനിറ.
കെട്ടുനിറ വലിയ പ്രാധാന്യമുള്ള ചടങ്ങായിരുന്നു, പണ്ട്. ഒരുതരം ചരമ വീടിന്റെ പ്രതീതിയായിരിക്കും. കേട്ടുനിറ നടക്കുന്ന സമയത്ത് വീട്ടില്‍ കൂട്ടക്കരച്ചിലായിരിക്കും. കാരണം, അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലേക്കു പോകുന്ന ഭക്തസംഘം പോയപോലെ തിരിച്ചുവരണമെന്നില്ല. കാട്ടില്‍ വെച്ച് പനി പിടിച്ച് മരിക്കാം. പില്‍ക്കാലത്തെ പോലെ വൈദ്യ സംവിധാനങ്ങളൊന്നുമില്ല. കൂട്ടത്തിലൊരാളെ പുലി പിടിച്ചുകൊണ്ടു പോയേക്കാം. സുരക്ഷാ സന്നാഹങ്ങള്‍ ഒന്നുമില്ല. അതുകൊണ്ടു കെട്ടുനിറ വികാരനിര്‍ഭരമാകുന്നു.
| ഒരു കെട്ടുനിറ |
No comments:
Post a Comment