Tuesday, January 3, 2012



                  അദ്ധ്യായം  :  മൂന്ന്




               ഞാന്‍    എന്നെ    
                  തുടങ്ങിവെച്ചത് .........




എന്റെ   ജീവിതം രണ്ടു    വലിയ വിഭാഗങ്ങളായി  തിരിക്കാമെന്നു  എപ്പോഴും   വിചാരിക്കാറുണ്ട് 
ഒന്ന്,    ഓര്‍മ്മവച്ച നാള്‍   മുതല്‍     അന്‍പത്തഞ്ചു വയസ്സില്‍    അദ്ധ്യാപക വൃത്തി യില്‍   നിന്ന് പിരിഞ്ഞത്  വരെയുള്ള    കാലം.   അടുത്തത്,   വിരമിക്കലിനു  ശേഷം     എണ്‍പത്തിയാര് വയസ്സ് വരെയുള്ളത്.
ആദ്യത്തെ  പകുതിയാണ്  എനിക്കിഷ്ടം.
അന്ന്    ഞാന്‍    ദരിദ്രനായിരുന്നു.
പരമദരിദ്രന്‍.
ദാരിദ്ര്യമാണ് എന്റെ   കണ്ണു തുറപ്പിച്ചത് 
അതാണ്‌  എന്റെ കാതു  കേള്‍പ്പിച്ചത്‌ .
അപ്പോള്‍    ഞാന്‍     എന്റെ    സഹജീവികളെ    കണ്ടു.
പാവങ്ങളും    അടിമകളുമായ  കോടിക്കണക്കിനു   മനുഷ്യര്‍..
അവര്‍,   കേരളീയരോ,   ഇന്ത്യാക്കാരോ   മാത്രമായിരുന്നില്ല.
അവര്‍  ലോകത്താകമാനം    വിശന്നവരായി  കാണപ്പെട്ടു.
അങ്ങനെ,    ഞാന്‍  ലോകമനുഷ്യനെ   വായിക്കാന്‍   തുടങ്ങി.
എന്റെ    ആദ്യകാല കവിതകള്‍    ലോക ചരിത്രത്തെ  തൊട്ടറി ഞ്ഞവയാണ്. 
മലയാള കവിതയില്‍    ആധുനികതയുടെ    ആദ്യ രചനകള്‍   ഞാന്‍    കുറിച്ചിട്ടു.
റോസന്‍ ബര്‍ഗ്ഗ്   ദമ്പതികളുടെ   വധം,   ലുമുംബയുടെ   വധം,
തുടങ്ങി, ലോകമനസ്സാക്ഷിയ്ക്ക്  നോമ്പരമുണര്ത്തിയ    
  ദുരന്തങ്ങളുടെ    പ്രതിരണനങ്ങളായി,   ആ  കവിതകള്‍.
പില്‍ക്കാലത്തെ,  ആധുനിക കവിതയുടെ   അപ്പോസ്തലന്മാരായി   
അവരോധിയ്ക്ക പ്പെട്ട  കവികള്‍    അക്കാലത്തു    ഇതിഹാസ,പുരാണാദികളില്‍  മുങ്ങിത്തപ്പി ,   കൃഷ്ണനെയും  രാധയെയും  വെച്ച് ,    പദ്യച്ചുവടില്‍     മഞ്ജരിത്താളത്തില്‍      നാണം   കുണ്ങ്ങുകയായിരുന്നു.  
എന്നിട്ടും    ഞാന്‍     കവിയായില്ല.    
അതാണ്‌,  എന്റെ    വിഷാദം.   ആനന്ദവും.........                 
        x                           x                    x
ഒരിക്കല്‍   ശമ്പളം    ഒപ്പിട്ടു വാങ്ങുമ്പോള്‍     ഹെഡ്‌മാസ്റ്റര്‍ മേനോന്‍ മാസ്റ്റര്‍ പറഞ്ഞു .....
ഓ,   അങ്ങനെ,    വാലത്തിന്  ശമ്പളം  നൂറു  രൂപാ    തികച്ചുകിട്ടിയിരിക്കുന്നു....................    
         x                          x                     x    
എനിക്ക്   വളരെ   ആദരണീയനായ     സാഹിത്യനിപുണന്‍  ടി.എം. ചുമ്മാര്‍ മാസ്റ്റര്‍    ഇങ്ങനെ     അഭിപ്രായപ്പെട്ടു.


 


സാഹിത്യനിപുണന്‍  ടി.എം. ചുമ്മാര്‍


                          1938 മുതല്‍ വി.വി.കെ. വാലത്ത് മാതൃഭൂമി ആഴ്‍ചപ്പതിപ്പ്, ദീപിക, ദീപം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ തിടര്‍ച്ചയായി കവിതകളെഴുതിയിരുന്നു. എന്നാല്‍, അവ ഇന്നേവരെ സമാഹരിച്ച് പ്രസിദ്ധപ്പെടുത്താതെ പോയത് കഷ്‍ടമെന്നേ പറയാനുള്ളു. ഇനിയെങ്കിലും അങ്ങനെ ചെയ്താല്‍ കൊള്ളാമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. 
                         പദ്യശാഖ വിട്ട് ഗദ്യശഖയിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ കവിതകളെപ്പററിയുള്ള ഓര്‍മ്മ പലരില്‍ നിന്നും വിട്ടുപോയിട്ടുണ്ടെന്നാണ് തോന്നുന്നത്.  
                      എനിക്കു തന്നെയും ഒരബദ്ധം പിണഞ്ഞിരുന്നു. അടുത്ത അവസരത്തില്‍ മാതൃഭൂമി ആഴ്‍ച്ചപ്പതിപ്പ് തുടങ്ങിയവയുടെ ചില പഴയ ലക്കങ്ങള്‍ മറിച്ചുനോക്കുമ്പോളാണ് വാലത്തിന്റെ കവിതകളെപ്പറ്റി വീണ്ടും സ്‍മരിക്കുവാന്‍ ഇട വന്നത്. 
                       അവ എന്നെ അത്‍ഭുതപ്പെടുത്തി, എന്നുതന്നെ പറയട്ടെ. കാവ്യലോകത്തില്‍ പ്രതിഷ്‍ഠ പ്രാപിച്ചിട്ടുള്ള പല കവികളെക്കാളും കാവ്യദേവത അക്കാലത്ത് അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നുവെന്നാണ് അവ വായിച്ചപ്പോള്‍ എനിക്കു തോന്നിയത്. പാവങ്ങളുടേയും അസ്വതന്ത്രരുടേയും ഭാഗത്തു നിന്നു കൊണ്ടാണ് കവി പലപ്പോഴും പോരാടിയിരുന്നത്.  
                       ഒന്നുമാത്രം ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.
                       1939 ജനുവരി ലക്കം മാതൃഭൂമി ആഴ്‍ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ "ഇരുട്ടത്ത്" എന്ന കവിതയാണ് ഞാന്‍ ഇവിടെ ലക്ഷ്യമാക്കുന്നത്.  

                       അര്‍ത്ഥകല്‍പ്പന, അലങ്കാരചാതുരി, ആശയമഹത്വം തുടങ്ങിയ കാര്യങ്ങളില്‍ അക്കാലത്ത് എഴുതിത്തുടങ്ങിയിരുന്ന ചങ്ങമ്പുഴയും വാലത്തും തമ്മില്‍ വളരെ സാദൃശ്യങ്ങളുണ്ടായിരുന്നു. രണ്ടുപേരിലും അതിശയിപ്പിക്കുന്ന ശൈലീഭംഗി കാണാമായിരുന്നു.
                      ശ്രി വാലത്ത് കവിതാരംഗത്തു നിന്നു പിന്തിരിയാതിരുന്നെങ്കില്‍ മലയാളത്തിലെ ഒരു പ്രശസ്‍ത കവിയായി പേരെടുക്കുമായിരുന്നു, എന്നുള്ളതില്‍ എനിക്കു സംശയമില്ല.
                                        *********************************



പ്രൊഫ.  മാത്യു  ഉലകംതറയുടെ  ലേഖനത്തിലെ  പ്രസക്തഭാഗം  കൂടി    ചേര്‍ക്കട്ടെ.






 


പ്രൊഫ. മാത്യു ഉലകംതറ




                ഇന്നിപ്പോള്‍ ഗദ്യകവിതാകൃത്തും ഗവേഷകനുമായി അറിയപ്പെടുന്ന വി.വി.കെ. വാലത്ത്, ഒരു കാലഘട്ടത്തില്‍ ഉച്‍ഛൃംഖലനായിരുന്ന ഒരു കവിയായിരുന്നു.  
               1938-39 കാലഘട്ടങ്ങളിലെ മാതൃഭൂമി, കേരള പത്രിക, നവജീവന്‍ , പൗരനാദം മുതലായവയുടെ പഴയ ഏടുകളില്‍ അല്‍പം ഗവേഷണം നടത്തിയപ്പോഴാണ് ജീവിച്ചിരിക്കെത്തന്നെ നഷ്‍ടയശസ്സായിപ്പോയ ഒരു മഹാകവിയുടെ തൂലികാവ്യാപാരം വെളിച്ചത്തു വന്നത്. 
                                     യശശ്ശരീരനായ ചങ്ങമ്പുഴയോടൊപ്പം ആ കാലഘട്ടത്തിന്റെ സവിശേഷശൈലിയില്‍ ധാരാളം കവിതകള്‍ വാലത്ത് രചിച്ചിട്ടുണ്ട്. മിക്കവാറും മാതൃഭൂമി ആഴ്‍ചപ്പതിപ്പിന്റെ പ്രഥമപക്ഷങ്ങളെത്തന്നെ അവ അലങ്കരിക്കുകയും ചെയ്‍തു. 
             അദ്ദേഹം തന്റെ സാഹിത്യസഞ്ചാരപഥം മാറാതെയിരുന്നെങ്കില്‍ ചങ്ങമ്പുഴയ്‍ക്കൊപ്പം അറിയപ്പെടുന്ന ഒരു മഹാകവിയായിത്തീരുമായിരുന്നു എന്ന് ആ കവിതകളോരോന്നും വിളിച്ചുപറയുന്നുണ്ട്. 



ഇത്രയൊക്കെയായിട്ടും    മലയാളപദ്യസാഹിത്യ   ചരിത്രത്തില്‍   എനിക്ക്    ഒരു  വരി പോലുമുണ്ടായില്ല.


                                                                                 

No comments:

Post a Comment