ഹൃദയത്തുടിപ്പുകള്‍
Sunday, February 12, 2012
Saturday, February 11, 2012
Tuesday, January 17, 2012
അദ്ധ്യായം അഞ്ച്.
എന്റെ ചങ്ങമ്പുഴ
പ്രഭാതങ്ങളില്‍ ചങ്ങമ്പുഴയുടെ വസതിയിലെക്കുള്ള എന്റെ പതിവ് സന്ദര്‍ശനങ്ങള്‍ നിലച്ചു.
ചങ്ങാതി പോയി, കുറെയേറെ ഓര്‍മ്മകള്‍ ചുരുട്ടിക്കൂട്ടി എന്റെ പോക്കറ്റില്‍ തിരുകിവച്ചിട്ട്.
ചങ്ങമ്പുഴ - ഒരു അനുസ്‍മരണം എന്ന ശീര്‍ഷകത്തില്‍
ആ ഓര്‍മ്മകള്‍ പ്രകാശിപ്പിച്ചു. ആ ലേഖനം ഇവിടെ ചേര്‍ക്കുകയാണ്.
ചങ്ങമ്പുഴ - ഒരു അനുസ്‍മരണം
ദാരിദ്ര്യത്തിന്റെ കളിത്തൊട്ടിലിലാണ് ചങ്ങമ്പുഴ വളര്‍ന്നത്. അനതിവിദൂര ഭാവിയില്‍ താനതില്‍ നിന്നു മോചനം നേടുമെന്ന് അദ്ദേഹമറിഞ്ഞിരുന്നില്ല. മറ്റുള്ളവര്‍ സാഹിത്യാഭ്യസനത്തിന്റെ ഹരിശ്രീ കുറിക്കുന്ന പ്രായത്തില്‍ ചങ്ങമ്പുഴ വിഖ്യാതനായ കവിയായിത്തീര്‍ന്നിരുന്നു. . ആയിരമായിരം അനുവാചകരുടെ ആരാധനാലോകമണിയിച്ച പരിവേഷവും വഹിച്ച്
പൊടുന്നനെ അദ്ദേഹം ഉയര്‍ന്നു നിന്നപ്പോള്‍ മലയാളസാഹിത്യം കോള്‍മയിര്‍കൊണ്ടു. അതിന്റെ ഔന്നത്യം വര്‍ദ്ധിച്ചു.
" മതിമോഹനശുഭനര്ത്തനമാടുന്നയിമഹി
ചങ്ങമ്പുഴക്കൃതികളിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്ക് ദിഗ്‍ഭ്രമം ബാധിക്കും. അദ്ദേഹത്തിനു സ്ഥിരമായ ഒരു താവളം ഉണ്ടായിരുന്നോ? ഇന്നു കണ്ടിടത്തു നാളെ കാണില്ല. സ്ഥിരമായ വിശ്വാസങ്ങളുടേയും, എല്ലാത്തര ലൗകിക, അലൗകിക ബന്ധങ്ങളുടേയുംകൈപ്പിടിയില്‍ നിന്നു കുതറിച്ചാടാനുള്ള സാമര്‍ത്ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാപഞ്ചിക രഹസ്യങ്ങളെ, നിഗൂഢമായ എല്ലാത്തരം ആസ്‍തിക്യങ്ങളെ,അദ്ദേഹം ധിക്കരിച്ചിട്ടുണ്ട്. ധിക്കരിക്കാന്‍ ആഹ്വാനം ചെയ്‍തിട്ടുണ്ട്.
( വിത്തനാഥന്റെ ബേബിക്കു പാലും
നിര്‍ദ്ധനച്ചെറുക്കന്നുമിനീരും
ഈശകല്‍പ്പിതമാകിലമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക നമ്മള്‍.)
അദ്ദേഹം കടന്നുപോയ മാര്‍ഗ്ഗങ്ങളിലെ കാലടിപ്പാടുകളില്‍ നിന്നു അവാച്യമായ ഒരു നാദബ്രഹ്മത്തിന്റെ ഗാനമേള മുഴങ്ങിക്കൊണ്ടിരുന്നു.
കവിതയിലെ ഭാവനയെ ഗാഢഗാഢം കെട്ടിപ്പുണര്‍ന്ന് ജീവിതം തന്നെ അദ്ദേഹത്തിനൊരു ഭാവനയായിപ്പോയി.
"എന്‍മനം നൊന്തുനൊന്തങ്ങനെഞാനെന്റെ
കണ്ണീരില്‍ മുങ്ങിമരിക്കുവോളം...."
ചങ്ങമ്പുഴ പാടി.
ഒരു ദിവസം അദ്ദേഹം പറഞ്ഞു :
"ഞാനുമുണ്ട്,നിങ്ങളുടെ കൂടെ. നമുക്കു ഒന്നു തുണ്ടത്തുംകടവുവരെ പോകണംകുറേ ഇഷ്ടിക വാങ്ങണം. ഈ വീടൊന്നു നന്നാക്കണം."
നാലുനാഴിക നടന്നു ഞങ്ങള്വരാപ്പുഴകടത്തുകടവിലെത്
അറിയാതെ അവന്റെ ചുണ്ടില്‍ ഒരു സംഗീതം മുഴങ്ങി.
"ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ-
ക്കരളല്ലേ, നീയെന്റെ ജീവനല്ലേ....!"
അവന്‍ തുടര്‍ന്നുള്ള വരികളും പാടിക്കൊണ്ടിരുന്നു. ഞാന്‍ ചങ്ങമ്പുഴയെ നോക്കി.അദ്ദേഹത്തിന്റെ മുഖത്ത് ഒരസാധാരണമായ പ്രസന്നതയുണ്ടായി. വഞ്ചി കരയ്‍ക്കടുത്തു. ഞങ്ങളിറങ്ങി. അദ്ദേഹം ഒരു രൂപ അവന്റെ കയ്യില്‍ വെച്ചുകൊടുത്തു.രണ്ടുപേര്‍ക്ക് ഒരണയാണ് കടത്തുകൂലി. ബാക്കി പതിനഞ്ചണ തിരിച്ചുകൊടുക്കാന്‍ അവന്റെ കയ്യില്‍ ചില്ലറ തികയുകയില്ലെന്ന് അവന്‍ പറഞ്ഞു.
" വേണ്ട . അതു താനെടുത്തോ!..."
എന്നിട്ടദ്ദേഹം എന്നേയും വിളിച്ച് ഒരു നടത്തം കൊടുത്തു.
അദ്ദേഹം പറഞ്ഞു. "വാസ്‍തവത്തില്‍ അവന്‍ എന്റെ കവിത ചൊല്ലിയപ്പോള്‍ എനിയ്‍ക്കുണ്ടായ ആനന്ദം അതെഴുതിയപ്പോള്‍ എനിക്കുണ്ടായിരുന്നില്ല. ഞാനാ ഒരു രൂപാ അവനു പാരിതോഷികം നല്‍കിയതാണ്. "
കുറേ നടന്നു ഞാന്‍ തിരിഞ്ഞു നോക്കി. അവന്‍ ഞങ്ങളെത്തന്നെ നോക്കി മിഴിച്ചു നില്‍ക്കയാണ്. പാവം, അവനറിഞ്ഞുകൂടാ,അത് അവന്റെ പ്രിയപ്പെട്ട ഗാനത്തിന്റെ നിര്‍മ്മാതാവാണെന്ന്
വീടു പരിഷ്കരിക്കപ്പെട്ടു.അതിനു പുത്തന്‍ 'ഗെറ്റപ്പു' വീണു. വൈക്കോല്‍പ്പുരയില്‍ നിന്ന് അദ്ദേഹത്തിന്റെ എഴുത്തുമുറിക്കു കയറ്റം കിട്ടി. കുഷന്‍ കസേരകളും ഉപകരണങ്ങളും വന്നു. ഒരുഭാഗത്ത് ഒരു ഉയര്‍ന്ന മേശപ്പുറത്ത് തന്റേയും പ്രിയതമയുടേയും ഓരോ വര്‍ണ്ണചിത്രം ചേര്‍ത്തുവെച്ചിട്ടുണ്ട്. ബുക്കലമാരകളില്‍ വിശ്വസാഹിത്യകാരന്മാര്‍ വരിവരിയായി സ്ഥാനം പിടിച്ചിട്ടുണ്ട്.
രാത്രിയാണ് എഴുത്ത്. രാവിലെ, ഞാനവിടെ ചെല്ലുമ്പോള്‍ പത്തുമണി കഴിഞ്ഞിരിക്കും. അപ്പോഴാണ് ഉറക്കമുണരുക. ഭര്യ ഓരോ കപ്പു ചായയുമായി വരും. വര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ തോര്‍ത്തും സോപ്പും ഉമിക്കരിയും സിഗരറ്റ് പായ്‍ക്കറ്റും തീപ്പെട്ടിയുമൊക്കെ
എടുത്ത് യാത്രയാകും.
നല്ല വെയിലു വീണിരിക്കും.ഞങ്ങളിറങ്ങി,ഇടവഴി
പോയിട്ടു കാടു വന്നതോ,കാടു വന്നതിനു ശേഷം ചന്ത പോയതോ
എന്നു നിശ്ചയമില്ല. കാടിന്റെ എതിരേ
വഴിവക്കില്‍ ത്തന്നെ ഓലക്കീറു കൊണ്ടു കുത്തിമറച്ച ഒരു കുടില്‍ നിന്നിരുന്നു. ആ പ്രദേശത്തിന്റെ ശൂന്യതയുടെ കാവല്‍പ്പുരയാണതെന്നു തോന്നും. കാടിന്റെ വെള്ളയില്‍ക്കൂടി വന്ന് വഴിയില്‍ പ്രവേശിച്ചു, സൂര്യരശ്മികള്‍ ആ കുടിലിലേയ്‍ക്കുയരും. അദ്ദേഹം ആദ്യം തലകുനിച്ച് അതിന്റെ ഉള്ളിലേയ്‍ക്കു കയറും. പുറകേ ഞാനും തലകുനിച്ച് അനുഗമിക്കും. നിലത്തു മണ്ണില്‍ തറച്ച കുറ്റികളില്‍ ഒരു പലക വെച്ചു കെട്ടി നിര്‍മ്മിക്കപ്പെട്ട ബെഞ്ചില്‍ ഞങ്ങളിരിക്കും. ഉടനെ ഒരാള്‍ ഇലയില്‍ പുട്ടും കടലയും പപ്പടവും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു വെയ്‍ക്കും., വളരെ വിനയഭാവത്തില്‍. പിന്നെ ഓരോ ഗ്ലാസ്സ് നിറയെ ചായയും.
"എനിക്കിത്തരം ചായക്കടകളാണിഷ്ടം. " അദ്ദേഹം പുഞ്ചിരി തുകി.
"എന്തു ടിപ്പിക്കലാണെന്നു നോക്കൂ...". പൂനാ , മദിരാശി തുടങ്ങിയ പരിഷ്കൃത നഗരങ്ങളില്‍ ചങ്ങമ്പുഴ പാര്‍ത്തിട്ടുണ്ട്. പക്ഷെ, ആ പരിസരങ്ങള്‍ ഇത്തരം ഗ്രാമീണ രംഗങ്ങളെപ്പോലെ അദ്ദേഹത്തിന്റെ കവിതകളെ പ്രലോഭിപ്പിച്ചിട്ടില്ല.
എഴുതിത്തീര്‍ത്ത കവിത വളരെ ആവേശപൂര്‍വ്വം ഉറക്കെ വായിച്ചു കേള്‍പ്പിക്കാന്‍ ക്ഷീണം തോന്നാറില്ല. ചങ്ങമ്പുഴക്കവിതകളിലെചൂടേറിയ ഭാഗങ്ങള്‍ ഈ കാലഘട്ടത്തിലാണ് അദ്ദേഹം രചിച്ചത്. "ചുട്ടെരിക്കിന്‍" ഒരുദാഹരണമാണ്. അതു ചിത്രോദയത്തിനു പോസ്‍റ്റു ചെയ്യാന്‍പോകുന്നതിനു മുമ്പ് എന്നെ വായിച്ചു കേള്‍ പ്പിക്കുകയുണ്ടായി. വായന കഴിഞ്ഞപ്പോള്‍ അദ്ദേഹം വിയര്‍ത്തിരുന്നു. ഞാനാ കവിത എന്റെ "ഇടിമുഴക്ക" ത്തിന്റെ മുഖപേജില്‍ കൊടുക്കാന്‍ അനുവാദം ചോദിച്ചു. എങ്കില്‍ രണ്ടു വരി കൂടി ഇരിക്കട്ടെ, അദ്ദേഹം അവിടെ ഇരുന്നുകൊണ്ടുതന്നെ കുത്തിക്കുറിച്ചു. എന്നിട്ടു വായിച്ചു.
" മമ ശബ്ദം മഹിയൊട്ടുക്കിടിവെട്ടിയലറുമീ,
മമ ശബ്ദം കേള്‍ക്കുവിന്‍, മിഴി തുറക്കിന്‍....!"
ചങ്ങമ്പുഴയ്‍ക്കു ക്ഷീണം ഏറിക്കൊണ്ടിരുന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു : ഒരു ആടിനെ വാറ്റി കഴിക്കണം.അതിനു വേണ്ട മരുന്നുകളെല്ലാം തയ്യാറായി. ഒരു കൂട്ടം മാത്രം കിട്ടിയിട്ടില്ല. "
"എന്താ?"
തെങ്ങിന്റെ ചാരായം വേണം."
എന്റെ സ്ഥലത്തിനടുത്തു ചിറ്റൂരോ മറ്റോ കിട്ടുമെന്നു പറഞ്ഞു.
തന്നു.
എന്റെ അന്വേഷണം ഫലിച്ചു. സാധനം ഒരാള്‍ തരാമെന്ന് ഏറ്റു. എന്നാല്‍ അയാള്‍ക്ക് അത് ചങ്ങമ്പുഴയുടെ വീട്ടില്‍ എത്തിക്കാന്‍ ഭയം. കാരണം അത് തിരുവിതാംകൂറും ഇത് കൊച്ചിയുമാണ്. അന്നു സംയോജനം നടന്നിരുന്നില്ല. നിരോധിക്കപ്പെട്ട കാര്യമാണ്. പോരെങ്കില്‍ വ്യാജമദ്യവും.
ഒരു ധീരകൃത്യം നടത്തിക്കളയാമെന്നു ഞാനും തീരുമാനിച്ചു. സാധനം ഒരു പതിനാറൗണ്‍സ് കുപ്പി നിറയെ ഉണ്ട്. ഒരു സ്യൂട്കെയ്‍സില്‍ ഭദ്രമായി എടുത്തു
വച്ച്, അതിരാവിലെ യാത്ര തിരിച്ചു.
"ഇതു രോഗിയായ മഹാകവിക്കു മരുന്നുണ്ടാക്കാനാണ്,അദ്ദേഹം രണ്ടു ദിവസം കൂടി ജീവിച്ചു നാലുവരിക്കവിത കൂടുതല്‍ എഴുതാന്‍ സാധിച്ചാല്‍ അതു നമുക്കും നേട്ടമാണല്ലോ" എന്നൊന്നും പറഞ്ഞാല്‍ എക്സൈസുകാര്‍ വിടില്ല. എങ്കിലും അനിഷ്ടസംഭവമൊന്നും കൂടാതെ,സാധനം എന്നോടൊപ്പം ഭദ്രമായി അദ്ദേഹത്തിന്റെ വീടിലെത്തി. അദ്ദേഹം അതേറ്റുവാങ്ങി ഭാര്യയെ ഏല്‍പ്പിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞു, ശ്രീദേവിയോടു ചോദിച്ചു :
"ആടിനെ വാറ്റിയില്ലേ?"
"വാറ്റിക്കൊണ്ടുവരാന്‍ എവിടെയോ ഏര്‍പ്പാടു ചെയ്‍തിട്ടുണ്ടെന്നു പറയുന്നതു കേട്ടു."
" പിന്നെ, ആ കുപ്പിയിലെ....?"
" ഓ, അതവിടെ കാലിക്കുപ്പിയായി ഇരുപ്പുണ്ട്."
കുടി നിര്‍ത്തിയെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞിരുന്നത്.
" അല്ല; പട്ടയെക്കാളും നല്ലത് തെങ്ങിന്റെയാണല്ലേ?"
എന്നിട്ടദ്ദേഹം അപരാധബോധത്തിന്റെ ഒരു വക പരിഹാസത്തോടെ ഒരു ചിരി ചിരിച്ചു.
" ഇഷ്ട, എനിക്കബദ്ധം പറ്റി. ഞാനതു കുടിച്ചു പോയി. ഇനി തൊടില്ല. തീര്‍ച്ച."
അദ്ദേഹം വളരെ വികാരാധീനനായി കാണപ്പെട്ടു.
" സ്‍നേഹിതാ, ഞാന്‍ തന്നെ എന്നെ നശിപ്പിച്ചു. ഒരു കാലത്തു ചായയും ചാരായവും മാത്രം കൊണ്ട് ദിവസങ്ങളോളം ഞാന്‍ ജീവിച്ചിരുന്നു. ഭാര്യയും അമ്മയും ഊണും തയ്യാറാക്കി,കരഞ്ഞു കൊണ്ട് പറയും : ഉണ്ണാന്‍. ഉണ്ണില്ല. ആരോടും മിണ്ടില്ല. അങ്ങനെ തോന്നി. കാരണമെന്ത്? എനിക്കു തന്നെ അജ്ഞാതമാണ്. "
അദ്ദേഹം സ്വന്തം സ്മരണകളുടെ ചുരുളഴിക്കും.
" രണ്ടുമണിയാകുമ്പോള്‍ പുറത്തിറങ്ങും. നേരേ ടൗണിലേക്കു നടക്കും. കാലിലെ ഷൂവില്‍ ഒരു കഷണം കഞ്ചാവെടുത്തു കടലാസ്സില്‍ പൊതിഞ്ഞു വെച്ചിരിക്കും. കാല്‍നടയായി പോകും. ഷൂവിനുള്ളിലെ സാധനം നല്ല പോലെ മര്‍ദ്ദിക്കപ്പെടാന്‍. വഴിമധ്യേ ഒരു ക്രിസ്‍ത്യാനിയുടെ കടയുണ്ട്. ഞാന്‍ അവന്റെ കടയ്‍ക്കു നേരേ വരുമ്പോള്‍ അടയാളം കൊടുക്കും.
രാത്രി തിരിച്ചുവരുമ്പോള്‍ എല്ലാം ഒരുക്കിയിട്ടുണ്ടാകും. രണ്ടു പ്‍ളേറ്റ് നിറയെ സാമാനങ്ങള്‍. ഒന്നയാള്‍ക്കും ഒന്നെനിക്കും. കുടി കഴിഞ്ഞാല്‍ ഞാന്‍ ഷൂ പൊക്കും.അവന്‍ കയ്യിട്ടു പൊതിയെടുത്ത് രണ്ടു വീടിയിലാക്കി തെറുക്കും. ഒന്ന് എന്റെ ചുണ്ടത്തു വെച്ച് കൊളുത്തിത്തരും. ഒന്നവനും. ഇത്രയുമായാല്‍ പിരിയാന്‍ സമയമായെന്നര്‍ത്ഥം. ഞാനിറങ്ങി ഒരു നടത്തം കൊടുക്കും..അപ്പോള്‍ പാതിരാ കഴിഞ്ഞിരിക്കും. കുറ്റാകൂരിരുട്ടും. എന്നാലും ഊടുവഴിയില്‍ കൂടെയേ വീട്ടിലേയ്‍ക്കു മടങ്ങൂ. വീട്ടില്‍ വിളക്കു വിളറി എരിയുന്നുണ്ടാകും. ചാരെ ഭാര്യയും. അവള്‍ കരയുകയായിരിക്കും. "
അദ്ദേഹം തുടരും. " എങ്കിലും എനിക്കത്ഭുതം തോന്നുന്നു, ഒരിക്കലും ഒരനിഷ്‍ടസംഭവവുമുണ്ടാകാത്തതില്‍
ഉത്‍കര്‍ഷേച്ഛുവായ ഒരു കവിയില്‍ കളങ്കമായികണക്കാക്കേണ്ടതില്ലായി
ചങ്ങമ്പുഴ തന്നെ പറഞ്ഞു.
"ഏഴാം സ്വര്‍ഗ്ഗം കടന്നു തവ കടമിഴിയില്‍
ക്കൂടിയെന്നല്ല, ഞാനാം പാഴാം പുല്‍തണ്ടില്‍
നിന്നുല്പല,
മധുരസ്വപ്‍നഗാനം പകര്‍ന്നു;
കേഴാം ഞാന്‍, നാളെ വീഴാ; മടിയി-
ലഖിലവും തേളുചൂഴും മനസ്സില്‍
താഴാം, താഴട്ടെ,കേഴട്ടരികില്‍ വരികയേ,
ഹൃദ്യമെ,മദ്യമെ നീ...."
അദ്ദേഹം പറയുകയായിരുന്നു. ഡോക്‍ടര്‍ ശരിക്കു പരിശോധിച്ചു.
ക്ഷയരോഗം മൂര്‍ദ്ധന്യത്തില്‍ എത്തിക്കഴിഞ്ഞിരുന്നുവെന്നും പ്രയാസമണെന്നും പറഞ്ഞു.
വാസ്‍തവത്തില്‍ ക്ഷയരോഗബാധിതനാണ് ഞാനെന്ന് അറിഞ്ഞിരുന്നില്ല. കോയമ്പത്തൂരേക്കു പോകണമെന്നു വിചാരിച്ച ആ രാത്രിയാണ് എനിക്ക് ആ രോഗത്തെ പറ്റി സ്വയം സംശയം ജനിച്ചത്."
വീടിന്റെ തെക്കുവശത്തു ഒരു ഷെഡ്ഡു കെട്ടിയുയര്‍ത്തപ്പെട്ടു. മരുന്നു കുപ്പികളുടെ നടുക്ക് ഒരു ചാരുകസാലയില്‍ അദ്ദേഹം അങ്ങനെ ഇരിക്കുന്നത് കുറേനാള്‍ കണ്ടു.
പിന്നെ ഒരു നാള്‍ അതിനടുത്തു തന്നെ ദയനീയവും, വ്യസനകരവുമായ ചിതാഭസ്‍മവും കാണുമാറായി. അതിന്നരികിലായി കണ്ണീരില്‍ കുളിച്ചു നില്‍ക്കുന്ന ഒരു വിധവയായ മാതാവും അച്ഛന്‍ നഷ്‍ടപ്പെട്ട സന്താനങ്ങളും. ആ ചിതാഭസ്‍മം ആ ദു:ഖിതയായസ്‍ത്രീയെക്കുറിച്ചു പാടുന്നതു പോലെ തോന്നി-
"മണ്‍മറഞ്ഞു ഞാനെങ്കിലുമിന്നു-
മെന്നണുക്കളിലേവമോരോന്നും
ത്വല്‍പ്രണയസ്‍മൃതികളുലാവി
സ്വപ്‍നനൃത്തങ്ങളാടുന്നു, ദേവി.....!
( സ്‍പന്ദിക്കുന്ന അസ്ഥിമാടം.)
--------------------
Wednesday, January 11, 2012
അദ്ധ്യായം : നാല്
SATURDAY, SEPTEMBER 4
സ്വാതന്ത്ര്യം വന്ന വഴി
ആഗസ്റ്റ് 15!
മൂക്കത്ത് വിരല്‍ വെച്ചുകൊണ്ടല്ലാതെ ആ നാമം ഉച്ചരിക്കുകവയ്യ എന്തെല്ലാം പ്രതീക്ഷകളുടെ കുതിരപ്പുറത്താണ് അതെഴുന്നെള്ളിയത്!
എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുക, എല്ലാത്തരം അടിമത്തങ്ങളും അവസാനിക്കുക,പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്‍മയും മാറുക,ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും കൊള്ളയുടേയും കൊലക്കഥകള്‍ക്കു വിരാമമിടുക - സമത്വസുന്ദരവും സുഖസമൃദ്ധവും സ്വാതന്ത്ര്യ സുരഭിലവുമായ - കാലം ആഗസ്റ്റ് 15-ന്റെ തലയ്‍ക്കല്‍ ഒരു നക്ഷത്രം പോലെ തെളിഞ്ഞു നിന്നപ്പോള്‍ ഒന്നര നൂറ്റാണ്ടുകാലത്തെ ഭാരം ചുമന്നു തളര്‍ന്ന മനുഷ്യന്‍- പാവപ്പെട്ട മനുഷ്യന്‍ - എല്ലാത്തരം ദൗര്‍ഭാഗ്യങ്ങളുടേയും ആകത്തുകയായ മനുഷ്യന്‍ ആശ്വസിച്ചു. അവന്‍ നെറ്റിയില്‍ നിന്നു വിയര്‍പ്പു തുടച്ചു.ആലസ്യത്തില്‍ നിന്നു ഉണര്‍ന്നു കണ്ണുതിരുമ്മി.അവന്റെ ചുണ്ടില്‍ ഒരു പ്രത്യാശ പൊടിഞ്ഞു.
അതിനു കാരണമുണ്ടായിരുന്നു. ഇന്ത്യാക്കാരന്റെ അധ:പതനങ്ങള്‍ക്കൊക്കെ കാരണം വിദേശാധിപത്യമാണെന്ന് അവന്‍ വിശ്വസിക്കുകയും വിശ്വസിപ്പിക്കപ്പെടുകയും ചെയ്‍തു. ബ്രിട്ടീഷുകാരന്‍ ഇന്ത്യ വിടുക എന്നതിന്റെ അര്‍ഥം ഇന്ത്യയിലെ പട്ടിണിയും തൊഴിലില്ലായ്‍മയും മാറുകയെന്നാണെന്നു അവന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‍തു.
ബ്രിട്ടീഷുകാരന്‍ ഇന്ത്യ വിട്ടു. ഇന്ത്യയുടെ സിംഹാസനം ഇന്ത്യയുടെ കയ്യിലേക്കു തന്നെ വീണു. കോണ്‍ഗ്രസ് ഭരിക്കാന്‍ കയറി. ഒന്നര നൂറ്റാണ്ടിന്റെ പഴക്കം ചെന്ന സാമ്രാജ്യത്ത്വത്തിന്റെ മരണമണി പോലെ ആഗസ്റ്റ് മാസത്തിലെ ഒരു അര്‍ദ്ധരാത്രിയില്‍ പള്ളികളില്‍ നിന്നും അമ്പലങ്ങളില്‍ നിന്നും കൂട്ടമണികള്‍ ലഹള കൂട്ടി. കതിനവെടികള്‍ പൊട്ടി. പോലീസുകാരന്‍ ത്രിവര്‍ണ്ണ പതാക -പൊക്കി. ലോക്കപ്പിന്റെ, ജയിലിന്റെ തലയില്‍ ത്രിവര്‍ണ്ണപതാക പാറി.
ആ പതാകയുടെ സ്ഥാപനത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്‍ത ദേശസ്നേഹികളുടെ ചോര അപ്പോഴും അവയുടെ കീഴെ അവശേഷിച്ചു കിടന്നിരുന്നു.
എന്നാല്‍എല്ലാംചതിയായിരുന്നു.കടുത്തവഞ്ചനയായിരുന്നു.
വളര്‍ന്നുവരുന്ന തലമുറയുടെ,പിറവിയെടുക്കുന്നജനകീയജനാധിപത്യത്തിന്റെ പിന്നിലുണ്ടായ ഒരു ഗൂഢാലോചനയായിരുന്നു.വിദേശമുതലാളിത്തവും സ്വദേശമുതലാളിത്തവും ചേര്‍ന്നുള്ള ഗൂഢലോചന!.
നമ്മുടേതു കുഴപ്പം നിറഞ്ഞ കാലഘട്ടമാണ്. പ്രത്യേകിച്ചും ആഗസ്റ്റുപതിനഞ്ചിനു ശേഷമുള്ള കാലം. ഇവിടെ ജനാധിപത്യമല്ല, ഫാസിസ്റ്റുമുറകളാണു പുലരുന്നത്. ഇവിടെ സമാധാനമുണ്ടൊ? അഭിപ്രായസ്വാതന്ത്ര്യമുണ്ടോ? വിചാര സ്വാതന്ത്ര്യമുണ്ടോ?
ഞാനൊരു കമ്യൂണിസ്റ്റല്ല. കമ്യൂണിസ്‍റ്റുപ്രവര്‍ത്തകനല്ല. പക്ഷെ, തികച്ചും പഴഞ്ചനല്ല. എനിക്കൊരുസ്വതന്ത്രവുംപുരോഗമനപരവുമയ ചിന്താഗതിയുണ്ട്. ഈ ചിന്താഗതി ബ്രിട്ടീഷുകാരന്‍ ഇവിടെ ഭരണം നടത്തിയ കാലം മുതല്‍ ഞാന്‍ വെച്ചുപുലര്‍ത്തിപ്പോരുന്നതാണ്.
ബ്രിട്ടീഷുകാരന്റെ പോലീസ് എന്നെ ഭീഷണിപ്പെടുത്തുകയോ എന്റെ വീട്ടില്‍ കാലുകുത്തുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം എന്താണുണ്ടായത്.
പോലീസ് പലവട്ടം എന്റെ വീടു പരിശോധിച്ചു. എന്നെ ഭീഷണിപ്പെടുത്തി. ഒരു കാര്യവുമില്ലാതെ എന്റെ വീട്ടിലുള്ളവരെ പരിഭ്രമിപ്പിച്ചു. അലമാരയിലെ പുസ്‍തകങ്ങളും എനിക്കു വന്ന കത്തുകളും എടുത്തു അരിച്ചു പരിശോധിച്ചു.
എന്തിനു വേണ്ടി? എന്നിട്ടു എന്ത് അവര്‍ക്കു കിട്ടി? ഒന്നുമില്ല. ഞാന്‍ ചോദിച്ചു : -നിങ്ങള്‍ക്കെന്താണ് വേണ്ടത്?
പോലീസുകാരന്‍ പറഞ്ഞു:
-ഇവിടെ കമ്യൂണിസമുണ്ടോ എന്നു നോക്കിയതാണ്..........
കഷ്ടം. അതിനു ചൈനയിലായിരുന്നു അവര്‍ പോകേണ്ടിയിരുന്നത്.! നിരോധിക്കാത്ത മാക്‍സിം ഗോര്‍ക്കിയുടെ 'അമ്മ'യെന്ന വിശിഷ്ട ഗ്രന്ഥം എനിക്കു ഇന്ത്യന്‍ പോലീസിനെ ഭയന്നു ഒളിച്ചുവെയ്‍ക്കേണ്ടിവന്നു
പണ്ഡിറ്റ് നെഹ്രുവിന്റെ ഭരണത്തില്‍ പോലും നിരോധിക്കാത്തൊരു സുപ്രസിദ്ധ കൃതി ഒളിച്ചുവെയ്‍ക്കാന്‍ നിര്‍ബ്ബന്ധിത നായൊരവസ്‍ഥ ഇവിടത്തെ സ്വാതന്ത്ര്യബോധം എത്രത്തോളം സുരക്ഷിതമാണെന്നു തെളിയിക്കയാണോ?
സ്വാതന്ത്ര്യം ലഭിക്കുനതിനു മുമ്പു വരെ കോണ്‍ഗ്രസ്സിന്റെ സമരത്തേയും ഇന്ത്യന്‍ ദേശാഭിമാനത്തിന്റെ അള്ളിപ്പിടുത്തത്തേയും ആദരിച്ചുകൊണ്ട് എന്റെ എളിയ തൂലികയും അതിന്റെ പങ്ക് നിര്‍വ്വഹിക്കുകയുണ്ടായി. അന്നത്തേയും ഇന്നത്തേയും മാതൃ
ഭൂമി ആഴ്ചപ്പതിപ്പ് എന്റെ അത്തരം ലേഖനങ്ങള്‍ ചൂടോടെ വാങ്ങി പ്രഥമ പേജില്‍ തന്നെ ചേര്‍ക്കുക പതിവായിരുന്നു.
അക്കാരണം കൊണ്ട് എനിക്കുണ്ടായിരുന്ന ജോലി അന്നത്തെ സര്‍ക്കാര്‍ നഷ്ടപ്പെടുത്തി എനിക്ക് കോണ്ഗ്രസ്സിനുവേണ്ടി ജയിലില്‍ പോകേണ്ടിവന്നിട്ടില്ല. എന്നിരുന്നാലും ഒരുത്തന്റെ ജോലി, അവന്റെ ഭക്ഷണപ്പാത്രം അവനില്‍ നിന്നു തട്ടിത്തെറിപ്പിക്കുകയെന്നത് - അവനെ സംബന്ധിച്ചിടത്തോളം വലുതാണ്.
അതിനൊക്കെ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം എനിക്കു കിട്ടിയ പ്രതിഫലം നാലേക്കറു ഭൂമിയല്ല, രാത്രിയെന്നൊ പകലെന്നോ ഇല്ലാതെ പോലീസിനെ പേടിച്ചു കഴിഞ്ഞുകൂടേണ്ട പരിതസ്ഥിതിയാണ്.
ഈ രാത്രി എന്നവസാനിക്കും? പേടിപ്പെടുത്തുന്ന, ശ്വാസം മുട്ടിക്കുന്ന ഈ ദുരന്ത നാടകം എന്നവസനിക്കും? എന്തൊരു സാംസ്കാരിക കാടത്തമാണ് തലയ്‍ക്കു മുകളില്‍!
ഈ ഇരുളടഞ്ഞതും ഇടുങ്ങിയതുമായ അര്‍ദ്ധരാത്രിയുടെ ഇടനാഴിയില്‍ വെച്ച് ഞാനിപ്പോള്‍ ആഗസ്റ്റ് പതിനാലിലെ എനിക്കു പറ്റിയോരു വിഡ്ഢിത്തം ഓര്‍ത്തുപൊവുകയാണ്.
അന്ന് എന്തൊരു ഭയങ്കര മഴയായിരുന്നെന്നോ! ലോകമുണ്ടായിട്ടു ഇതു പോലൊരു മഴയുണ്ടായിരിക്കില്ല. അടുത്തുള്ള പള്ളിയിലെ പാതിരിയോട് വായ്‍പ വാങ്ങിയ രണ്ടു കതിനായും നിറച്ചുവെച്ചു ആ പച്ചപ്പാതിരയില്‍ പിറവിയെടുക്കുന്ന സ്വാതന്ത്ര്യത്തെ ആഘോഷിക്കുവാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഉറങ്ങാതെ, കണ്ണുചിമ്മാതെ, വാച്ചില്‍ പന്ത്രണ്ടു മണിയാകുന്നതും നോക്കി. സ്വാതന്ത്ര്യ ശിശു പെറ്റുവീഴുന്ന ആ അനര്‍ഘനിമിഷവും കാത്ത്.
അങ്ങനെ, പന്ത്രണ്ടുമണി വന്നു. മഴ തുമ്പിക്കൈ വണ്ണത്തില്‍ വിട്ടുകൊടുക്കുകയാണ്. എന്തൊരു കൂരിരുട്ട്!
ലോകമുണ്ടായിട്ടു ഇതുപോലൊരു കൂരിരുട്ടു കണ്ടിരിക്കില്ല. മുറ്റത്തു നിരപ്പൊക്കത്തിനു പ്രളയമാണ്, കല്ലും കട്ടയും പലകക്കഷ്ണങ്ങളും കൊണ്ട് കഷ്ടിച്ചു കതിന വെയ്‍ക്കാന്‍ ഞാന്‍ അല്‍പം സ്ഥലം സമ്പാദിച്ചു..ഒരു കയ്യില്‍ ചൂട്ടും മറുകൈയില്‍ തലയില്‍ ചൂടിയ മുറവും പിടിച്ച് കൃത്യം 12 മണിക്കു ഞാന്‍ കതിനയ്‍ക്കു തീ കൊടുത്തു.ഒന്നു ചീറിപ്പോയി! രണ്ടാമത്തേതു കണിശത്തിനു പൊട്ടി. അതിന്റെ പ്രതിധ്വനി ഇരമ്പുന്ന പേമാരിയില്‍ വീണു തെല്ലിട പൊട്ടിക്കരഞ്ഞു. ആ പൊട്ടിക്കരച്ചിലിനു അകലെയെവിടെയോ നിന്നു പട്ടിണിയുടെ ഓരിയിടല്‍ മറുപടി പറഞ്ഞു.
ഓ, അന്നു ഞാന്‍ ധ്യാനിച്ച പ്രഭാതം ഇപ്പോള്‍ എവിടെയാണെന്നാണ് എന്റെ ആലോചന!
-----------------------------------------ഏപ്രില്‍ 19, 1951.
Tuesday, January 3, 2012
അദ്ധ്യായം : മൂന്ന്
ഞാന്‍ എന്നെ
തുടങ്ങിവെച്ചത് .........
എന്റെ ജീവിതം രണ്ടു വലിയ വിഭാഗങ്ങളായി തിരിക്കാമെന്നു എപ്പോഴും വിചാരിക്കാറുണ്ട്
ഒന്ന്, ഓര്‍മ്മവച്ച നാള്‍ മുതല്‍ അന്‍പത്തഞ്ചു വയസ്സില്‍ അദ്ധ്യാപക വൃത്തി യില്‍ നിന്ന് പിരിഞ്ഞത് വരെയുള്ള കാലം. അടുത്തത്, വിരമിക്കലിനു ശേഷം എണ്‍പത്തിയാര് വയസ്സ് വരെയുള്ളത്.
ആദ്യത്തെ പകുതിയാണ് എനിക്കിഷ്ടം.
അന്ന് ഞാന്‍ ദരിദ്രനായിരുന്നു.
പരമദരിദ്രന്‍.
ദാരിദ്ര്യമാണ് എന്റെ കണ്ണു തുറപ്പിച്ചത്
അതാണ് എന്റെ കാതു കേള്‍പ്പിച്ചത് .
അപ്പോള്‍ ഞാന്‍ എന്റെ സഹജീവികളെ കണ്ടു.
പാവങ്ങളും അടിമകളുമായ കോടിക്കണക്കിനു മനുഷ്യര്‍..
അവര്‍, കേരളീയരോ, ഇന്ത്യാക്കാരോ മാത്രമായിരുന്നില്ല.
അവര്‍ ലോകത്താകമാനം വിശന്നവരായി കാണപ്പെട്ടു.
അങ്ങനെ, ഞാന്‍ ലോകമനുഷ്യനെ വായിക്കാന്‍ തുടങ്ങി.
എന്റെ ആദ്യകാല കവിതകള്‍ ലോക ചരിത്രത്തെ തൊട്ടറി ഞ്ഞവയാണ്.
മലയാള കവിതയില്‍ ആധുനികതയുടെ ആദ്യ രചനകള്‍ ഞാന്‍ കുറിച്ചിട്ടു.
റോസന്‍ ബര്‍ഗ്ഗ് ദമ്പതികളുടെ വധം, ലുമുംബയുടെ വധം,
തുടങ്ങി, ലോകമനസ്സാക്ഷിയ്ക്ക് നോമ്പരമുണര്ത്തിയ
ദുരന്തങ്ങളുടെ പ്രതിരണനങ്ങളായി, ആ കവിതകള്‍.
പില്‍ക്കാലത്തെ, ആധുനിക കവിതയുടെ അപ്പോസ്തലന്മാരായി
അവരോധിയ്ക്ക പ്പെട്ട കവികള്‍ അക്കാലത്തു ഇതിഹാസ,പുരാണാദികളില്‍ മുങ്ങിത്തപ്പി , കൃഷ്ണനെയും രാധയെയും വെച്ച് , പദ്യച്ചുവടില്‍ മഞ്ജരിത്താളത്തില്‍ നാണം കുണ്ങ്ങുകയായിരുന്നു.
എന്നിട്ടും ഞാന്‍ കവിയായില്ല.
അതാണ്, എന്റെ വിഷാദം. ആനന്ദവും.........
x x x
ദാരിദ്ര്യമാണ് എന്റെ കണ്ണു തുറപ്പിച്ചത്
അതാണ് എന്റെ കാതു കേള്‍പ്പിച്ചത് .
അപ്പോള്‍ ഞാന്‍ എന്റെ സഹജീവികളെ കണ്ടു.
പാവങ്ങളും അടിമകളുമായ കോടിക്കണക്കിനു മനുഷ്യര്‍..
അവര്‍, കേരളീയരോ, ഇന്ത്യാക്കാരോ മാത്രമായിരുന്നില്ല.
അവര്‍ ലോകത്താകമാനം വിശന്നവരായി കാണപ്പെട്ടു.
അങ്ങനെ, ഞാന്‍ ലോകമനുഷ്യനെ വായിക്കാന്‍ തുടങ്ങി.
എന്റെ ആദ്യകാല കവിതകള്‍ ലോക ചരിത്രത്തെ തൊട്ടറി ഞ്ഞവയാണ്.
മലയാള കവിതയില്‍ ആധുനികതയുടെ ആദ്യ രചനകള്‍ ഞാന്‍ കുറിച്ചിട്ടു.
റോസന്‍ ബര്‍ഗ്ഗ് ദമ്പതികളുടെ വധം, ലുമുംബയുടെ വധം,
തുടങ്ങി, ലോകമനസ്സാക്ഷിയ്ക്ക് നോമ്പരമുണര്ത്തിയ
ദുരന്തങ്ങളുടെ പ്രതിരണനങ്ങളായി, ആ കവിതകള്‍.
പില്‍ക്കാലത്തെ, ആധുനിക കവിതയുടെ അപ്പോസ്തലന്മാരായി
അവരോധിയ്ക്ക പ്പെട്ട കവികള്‍ അക്കാലത്തു ഇതിഹാസ,പുരാണാദികളില്‍ മുങ്ങിത്തപ്പി , കൃഷ്ണനെയും രാധയെയും വെച്ച് , പദ്യച്ചുവടില്‍ മഞ്ജരിത്താളത്തില്‍ നാണം കുണ്ങ്ങുകയായിരുന്നു.
എന്നിട്ടും ഞാന്‍ കവിയായില്ല.
അതാണ്, എന്റെ വിഷാദം. ആനന്ദവും.........
x x x
ഒരിക്കല്‍ ശമ്പളം ഒപ്പിട്ടു വാങ്ങുമ്പോള്‍ ഹെഡ്‌മാസ്റ്റര്‍ മേനോന്‍ മാസ്റ്റര്‍ പറഞ്ഞു .....
ഓ, അങ്ങനെ, വാലത്തിന് ശമ്പളം നൂറു രൂപാ തികച്ചുകിട്ടിയിരിക്കുന്നു....................
x x x
എനിക്ക് വളരെ ആദരണീയനായ സാഹിത്യനിപുണന്‍ ടി.എം. ചുമ്മാര്‍ മാസ്റ്റര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു.
സാഹിത്യനിപുണന്‍ ടി.എം. ചുമ്മാര്‍
1938 മുതല്‍ വി.വി.കെ. വാലത്ത് മാതൃഭൂമി ആഴ്‍ചപ്പതിപ്പ്, ദീപിക, ദീപം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ തിടര്‍ച്ചയായി കവിതകളെഴുതിയിരുന്നു. എന്നാല്‍, അവ ഇന്നേവരെ സമാഹരിച്ച് പ്രസിദ്ധപ്പെടുത്താതെ പോയത് കഷ്‍ടമെന്നേ പറയാനുള്ളു. ഇനിയെങ്കിലും അങ്ങനെ ചെയ്താല്‍ കൊള്ളാമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
പദ്യശാഖ വിട്ട് ഗദ്യശഖയിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ കവിതകളെപ്പററിയുള്ള ഓര്‍മ്മ പലരില്‍ നിന്നും വിട്ടുപോയിട്ടുണ്ടെന്നാണ് തോന്നുന്നത്.
എനിക്കു തന്നെയും ഒരബദ്ധം പിണഞ്ഞിരുന്നു. അടുത്ത അവസരത്തില്‍ മാതൃഭൂമി ആഴ്‍ച്ചപ്പതിപ്പ് തുടങ്ങിയവയുടെ ചില പഴയ ലക്കങ്ങള്‍ മറിച്ചുനോക്കുമ്പോളാണ് വാലത്തിന്റെ കവിതകളെപ്പറ്റി വീണ്ടും സ്‍മരിക്കുവാന്‍ ഇട വന്നത്.
അവ എന്നെ അത്‍ഭുതപ്പെടുത്തി, എന്നുതന്നെ പറയട്ടെ. കാവ്യലോകത്തില്‍ പ്രതിഷ്‍ഠ പ്രാപിച്ചിട്ടുള്ള പല കവികളെക്കാളും കാവ്യദേവത അക്കാലത്ത് അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നുവെന്നാണ് അവ വായിച്ചപ്പോള്‍ എനിക്കു തോന്നിയത്. പാവങ്ങളുടേയും അസ്വതന്ത്രരുടേയും ഭാഗത്തു നിന്നു കൊണ്ടാണ് കവി പലപ്പോഴും പോരാടിയിരുന്നത്.
ഒന്നുമാത്രം ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.
1939 ജനുവരി ലക്കം മാതൃഭൂമി ആഴ്‍ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ "ഇരുട്ടത്ത്" എന്ന കവിതയാണ് ഞാന്‍ ഇവിടെ ലക്ഷ്യമാക്കുന്നത്.
അര്‍ത്ഥകല്‍പ്പന, അലങ്കാരചാതുരി, ആശയമഹത്വം തുടങ്ങിയ കാര്യങ്ങളില്‍ അക്കാലത്ത് എഴുതിത്തുടങ്ങിയിരുന്ന ചങ്ങമ്പുഴയും വാലത്തും തമ്മില്‍ വളരെ സാദൃശ്യങ്ങളുണ്ടായിരുന്നു. രണ്ടുപേരിലും അതിശയിപ്പിക്കുന്ന ശൈലീഭംഗി കാണാമായിരുന്നു.
ശ്രി വാലത്ത് കവിതാരംഗത്തു നിന്നു പിന്തിരിയാതിരുന്നെങ്കില്‍ മലയാളത്തിലെ ഒരു പ്രശസ്‍ത കവിയായി പേരെടുക്കുമായിരുന്നു, എന്നുള്ളതില്‍ എനിക്കു സംശയമില്ല.
*********************************
പ്രൊഫ. മാത്യു ഉലകംതറയുടെ ലേഖനത്തിലെ പ്രസക്തഭാഗം കൂടി ചേര്‍ക്കട്ടെ.
പ്രൊഫ. മാത്യു ഉലകംതറ
ഇന്നിപ്പോള്‍ ഗദ്യകവിതാകൃത്തും ഗവേഷകനുമായി അറിയപ്പെടുന്ന വി.വി.കെ. വാലത്ത്, ഒരു കാലഘട്ടത്തില്‍ ഉച്‍ഛൃംഖലനായിരുന്ന ഒരു കവിയായിരുന്നു.
1938-39 കാലഘട്ടങ്ങളിലെ മാതൃഭൂമി, കേരള പത്രിക, നവജീവന്‍ , പൗരനാദം മുതലായവയുടെ പഴയ ഏടുകളില്‍ അല്‍പം ഗവേഷണം നടത്തിയപ്പോഴാണ് ജീവിച്ചിരിക്കെത്തന്നെ നഷ്‍ടയശസ്സായിപ്പോയ ഒരു മഹാകവിയുടെ തൂലികാവ്യാപാരം വെളിച്ചത്തു വന്നത്.
യശശ്ശരീരനായ ചങ്ങമ്പുഴയോടൊപ്പം ആ കാലഘട്ടത്തിന്റെ സവിശേഷശൈലിയില്‍ ധാരാളം കവിതകള്‍ വാലത്ത് രചിച്ചിട്ടുണ്ട്. മിക്കവാറും മാതൃഭൂമി ആഴ്‍ചപ്പതിപ്പിന്റെ പ്രഥമപക്ഷങ്ങളെത്തന്നെ അവ അലങ്കരിക്കുകയും ചെയ്‍തു.
അദ്ദേഹം തന്റെ സാഹിത്യസഞ്ചാരപഥം മാറാതെയിരുന്നെങ്കില്‍ ചങ്ങമ്പുഴയ്‍ക്കൊപ്പം അറിയപ്പെടുന്ന ഒരു മഹാകവിയായിത്തീരുമായിരുന്നു എന്ന് ആ കവിതകളോരോന്നും വിളിച്ചുപറയുന്നുണ്ട്.
ഇത്രയൊക്കെയായിട്ടും മലയാളപദ്യസാഹിത്യ ചരിത്രത്തില്‍ എനിക്ക് ഒരു വരി പോലുമുണ്ടായില്ല.
x x x
എനിക്ക് വളരെ ആദരണീയനായ സാഹിത്യനിപുണന്‍ ടി.എം. ചുമ്മാര്‍ മാസ്റ്റര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു.
സാഹിത്യനിപുണന്‍ ടി.എം. ചുമ്മാര്‍
1938 മുതല്‍ വി.വി.കെ. വാലത്ത് മാതൃഭൂമി ആഴ്‍ചപ്പതിപ്പ്, ദീപിക, ദീപം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ തിടര്‍ച്ചയായി കവിതകളെഴുതിയിരുന്നു. എന്നാല്‍, അവ ഇന്നേവരെ സമാഹരിച്ച് പ്രസിദ്ധപ്പെടുത്താതെ പോയത് കഷ്‍ടമെന്നേ പറയാനുള്ളു. ഇനിയെങ്കിലും അങ്ങനെ ചെയ്താല്‍ കൊള്ളാമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
പദ്യശാഖ വിട്ട് ഗദ്യശഖയിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ കവിതകളെപ്പററിയുള്ള ഓര്‍മ്മ പലരില്‍ നിന്നും വിട്ടുപോയിട്ടുണ്ടെന്നാണ് തോന്നുന്നത്.
എനിക്കു തന്നെയും ഒരബദ്ധം പിണഞ്ഞിരുന്നു. അടുത്ത അവസരത്തില്‍ മാതൃഭൂമി ആഴ്‍ച്ചപ്പതിപ്പ് തുടങ്ങിയവയുടെ ചില പഴയ ലക്കങ്ങള്‍ മറിച്ചുനോക്കുമ്പോളാണ് വാലത്തിന്റെ കവിതകളെപ്പറ്റി വീണ്ടും സ്‍മരിക്കുവാന്‍ ഇട വന്നത്.
അവ എന്നെ അത്‍ഭുതപ്പെടുത്തി, എന്നുതന്നെ പറയട്ടെ. കാവ്യലോകത്തില്‍ പ്രതിഷ്‍ഠ പ്രാപിച്ചിട്ടുള്ള പല കവികളെക്കാളും കാവ്യദേവത അക്കാലത്ത് അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നുവെന്നാണ് അവ വായിച്ചപ്പോള്‍ എനിക്കു തോന്നിയത്. പാവങ്ങളുടേയും അസ്വതന്ത്രരുടേയും ഭാഗത്തു നിന്നു കൊണ്ടാണ് കവി പലപ്പോഴും പോരാടിയിരുന്നത്.
ഒന്നുമാത്രം ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.
1939 ജനുവരി ലക്കം മാതൃഭൂമി ആഴ്‍ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ "ഇരുട്ടത്ത്" എന്ന കവിതയാണ് ഞാന്‍ ഇവിടെ ലക്ഷ്യമാക്കുന്നത്.
അര്‍ത്ഥകല്‍പ്പന, അലങ്കാരചാതുരി, ആശയമഹത്വം തുടങ്ങിയ കാര്യങ്ങളില്‍ അക്കാലത്ത് എഴുതിത്തുടങ്ങിയിരുന്ന ചങ്ങമ്പുഴയും വാലത്തും തമ്മില്‍ വളരെ സാദൃശ്യങ്ങളുണ്ടായിരുന്നു. രണ്ടുപേരിലും അതിശയിപ്പിക്കുന്ന ശൈലീഭംഗി കാണാമായിരുന്നു.
ശ്രി വാലത്ത് കവിതാരംഗത്തു നിന്നു പിന്തിരിയാതിരുന്നെങ്കില്‍ മലയാളത്തിലെ ഒരു പ്രശസ്‍ത കവിയായി പേരെടുക്കുമായിരുന്നു, എന്നുള്ളതില്‍ എനിക്കു സംശയമില്ല.
*********************************
പ്രൊഫ. മാത്യു ഉലകംതറയുടെ ലേഖനത്തിലെ പ്രസക്തഭാഗം കൂടി ചേര്‍ക്കട്ടെ.
പ്രൊഫ. മാത്യു ഉലകംതറ
ഇന്നിപ്പോള്‍ ഗദ്യകവിതാകൃത്തും ഗവേഷകനുമായി അറിയപ്പെടുന്ന വി.വി.കെ. വാലത്ത്, ഒരു കാലഘട്ടത്തില്‍ ഉച്‍ഛൃംഖലനായിരുന്ന ഒരു കവിയായിരുന്നു.
1938-39 കാലഘട്ടങ്ങളിലെ മാതൃഭൂമി, കേരള പത്രിക, നവജീവന്‍ , പൗരനാദം മുതലായവയുടെ പഴയ ഏടുകളില്‍ അല്‍പം ഗവേഷണം നടത്തിയപ്പോഴാണ് ജീവിച്ചിരിക്കെത്തന്നെ നഷ്‍ടയശസ്സായിപ്പോയ ഒരു മഹാകവിയുടെ തൂലികാവ്യാപാരം വെളിച്ചത്തു വന്നത്.
യശശ്ശരീരനായ ചങ്ങമ്പുഴയോടൊപ്പം ആ കാലഘട്ടത്തിന്റെ സവിശേഷശൈലിയില്‍ ധാരാളം കവിതകള്‍ വാലത്ത് രചിച്ചിട്ടുണ്ട്. മിക്കവാറും മാതൃഭൂമി ആഴ്‍ചപ്പതിപ്പിന്റെ പ്രഥമപക്ഷങ്ങളെത്തന്നെ അവ അലങ്കരിക്കുകയും ചെയ്‍തു.
അദ്ദേഹം തന്റെ സാഹിത്യസഞ്ചാരപഥം മാറാതെയിരുന്നെങ്കില്‍ ചങ്ങമ്പുഴയ്‍ക്കൊപ്പം അറിയപ്പെടുന്ന ഒരു മഹാകവിയായിത്തീരുമായിരുന്നു എന്ന് ആ കവിതകളോരോന്നും വിളിച്ചുപറയുന്നുണ്ട്.
ഇത്രയൊക്കെയായിട്ടും മലയാളപദ്യസാഹിത്യ ചരിത്രത്തില്‍ എനിക്ക് ഒരു വരി പോലുമുണ്ടായില്ല.
Subscribe to:
Comments (Atom)

